ഈയിടെ നടന്ന ചില അതിദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ പരക്കെ ഉയരുന്ന ഒരു ചോദ്യമാണ് : 2k കിഡ്‍സ് എന്താണിങ്ങനെ ? ഇവരുടെ എമ്പതി ( സഹാനുഭൂതി ) എവിടെ പോയി ? ഇവർ എന്തുകൊണ്ട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നു?
ഈ ചോദ്യത്തെ ജീവശാസ്ത്രപരമായി ഒന്ന് വിശകലനം ചെയ്തു നോക്കാം .
എന്താണ് എമ്പതി ?
“മറ്റൊരു വ്യക്തിക്ക് എന്താണ് തോന്നുന്നത്,അയാൾ എന്താണ് അനുഭവിക്കുന്നത് എന്ന് സ്വയം മനസ്സിലാക്കാനുമുള്ള കഴിവ്” എന്ന് എമ്പതി അഥവാ സഹാനുഭൂതിയെ ലളിതമായ വിശദീകരിക്കാം . ലിംബിക് സിസ്റ്റം, ഫ്രോണ്ടൽ കോർട്ടെക്സ് എന്നീ തലച്ചോറിലെ രണ്ട് പ്രധാന ഭാഗങ്ങൾ ആണ് എംപതിയെന്ന സ്വഭാവ വിശേഷം നമുക്ക് നൽകുന്നത്. പരിണാമപരമായി തന്നെ നമ്മൾ ആർജിച്ചെടുത്ത ഒരു ഗുണം ആണിത് . എന്തെന്നാൽ , പ്രിയപെട്ടവരെയും അടുത്ത തലമുറയെയും സംരക്ഷിക്കാൻ ഈ സ്വഭാവം നമ്മളെ പ്രാപ്തരാക്കുന്നു . എമ്പതിയുടെ അളവ് ആളുകളിൽ വ്യത്യാസപ്പെട്ടിരിക്കും . മനസാക്ഷി, ആളുകളുമായി പൊരുത്തപ്പെട്ടുപോകാൻ ഉള്ള കഴിവ്, തുറന്ന മനസ്സ് എന്നീ വ്യക്തിത്വ സവിശേഷതകൾ ഉള്ളവർക്ക് എമ്പതി കൂടുതൽ ആയിരിക്കും . ആത്മാരാധന (Narcissism), സൈക്കോപാതിക് ലക്ഷണങ്ങൾ തുടങ്ങിയവ ഉള്ളവരിൽ അത് കുറവുമായിരിക്കും .

ഒരു കൗമാര തലച്ചോറ് ( തലതെറിച്ച?? )
കൗമാരക്കാരെ പറ്റി മുതിർന്നവർ പറയുന്നതാണ് ” തലതെറിച്ചവർ” എന്ന് . ന്യൂറോളജിയുടെ കണ്ണിലൂടെ നോക്കിയാൽ ” തല വളർന്നുകൊണ്ട് ഇരിക്കുന്നവർ” എന്ന് പറയുന്നതാവും ഉചിതം . ഏറ്റവും അവസാനം വളരുന്ന തലച്ചോറിന്റെ ഭാഗമാണ് ഫ്രോണ്ടൽ കോർടെക്സ് ( എമ്പതിയുടെ ഒരു പ്രധാന കേന്ദ്രം ). 25 വയസ്സോളം എടുക്കാം ഇത് പൂർണ വളർച്ചയെത്താൻ . എമ്പതി മാത്രമല്ല, മനോനിയന്ത്രണം, തീരുമാനമെടുക്കൽ, യുക്തി ചിന്ത , ശ്രദ്ധ , ആസൂത്രണം, വികാര പ്രകടനം ഇവയല്ലാം നിയന്ത്രിക്കുന്നത് പ്രധാനമായും ഈ ഭാഗമാണ് . കൗമാരക്കാർ എടുത്തുചാട്ടം, ദേഷ്യം , അക്രമ സ്വഭാവം എന്ന് വേണ്ട ലോകം തന്നെ കീഴ്‌മേൽ മറിക്കാൻ കഴിയുന്നവർ ആകുന്നത് എങ്ങനെ എന്നതിന് ഉത്തരം പൂർണ വളർച്ച എത്താത്ത ഫ്രോണ്ടൽ കോർട്ടക്സ് ആണ്.

നിങ്ങൾ നിങ്ങളെപ്പറ്റി എന്ത് കരുതുന്നു ? മറ്റുള്ളവർ നിങ്ങളെപ്പറ്റി എന്ത് കരുതുന്നു ?
ഈ രണ്ടു ചോദ്യങ്ങൾ ഒരു മുതിർന്ന ആളോട് ചോദിച്ചാൽ രണ്ടും തലച്ചോറിലെ രണ്ട് നെറ്റ്‌വർക്ക് ആണ് ഉത്തേജിപ്പിക്കുന്നത് . അതായത് ഉത്തരം രണ്ടാണ് . എന്നാൽ ഇതേ ചോദ്യം ഒരു കൗമാരക്കാരനോട് ചോദിച്ചാൽ ഒരേ നെറ്റ്‌വർക്ക് ആണ് ഉത്തേജിപ്പിക്കപ്പെടുന്നത് . അതായത് , ഒരു കൗമാരക്കാരന്,നിങ്ങൾ നിങ്ങളെപ്പറ്റി എന്ത് കരുതുന്നു എന്നതിന് ഉത്തരം ” മറ്റുള്ളവർ എന്നെ പറ്റി എന്ത് കരുതുന്നോ അതാണ് ഞാൻ “. എന്നായിരിക്കും . സമപ്രായക്കാരുമായി ഇഴുകിച്ചേരാൻ കൗമാരക്കാർ വല്ലാതെ വെമ്പുന്നത് ഇതുകൊണ്ടാണ്. കൂട്ടുകാരുടെ അംഗീകാരം , സ്വീകരണം ഒക്കെ അവർക്ക് വളരെ വലുതാണ് . അതിനു വേണ്ടി എന്തും ചെയ്തേക്കാം . ഇതൊക്കെയാണ് പലപ്പോഴും അവരെ അക്രമം, ലഹരി ഉപയോഗം , കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് നയിക്കുന്നത്.
ഒരു കൗമാരക്കാരൻ എടുക്കുന്ന ധാർമികമായ തീരുമാനം ഒരു മുതിർന്ന ആളിന്റെ അത്ര മികച്ചതാവണം എന്നില്ല . ,ബാല്യത്തിൽ, എനിക്ക് രണ്ടു മിട്ടായി കിട്ടിയാൽ ഒരെണ്ണം എന്റെ കൂട്ടുകാരന് കൊടുക്കണം എന്ന തുല്യതാ ബോധം കൗമാര പ്രായത്തിൽ നഷ്ടപട്ടേക്കാം. തനിക്ക് വിലപ്പെട്ട, ഉപയോഗപ്രദമായ വ്യക്തികൾക്കോ വസ്തുക്കൾക്കോ പ്രാധാന്യം നൽകണം എന്നൊരു മൂല്യബോധമാണ് പൊതുവെ കൗമാര പ്രായത്തിൽ ഉണ്ടാവുക.
മുപ്പതാം വയസ്സിൽ കത്തി താഴെ ഇടുന്നവർ :
അക്രമവും ആവേശവും മൂർദ്ധന്യത്തിൽ എത്തുന്നത് കൗമാരപ്രായത്തിലാണ് . ഉയർന്ന വൈകാരിക തീവ്രത, സമപ്രായക്കാരുടെ അതിരുകവിഞ്ഞ സ്വാധീനം , പുതുമയോടുള്ള അടങ്ങാത്ത ആഗ്രഹം എന്നീ ഘടകങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത് . വളരുന്ന തലച്ചോർ അവർക്ക് കൊടുക്കുന്ന മോശം വിധിനിർണയം, വൈകാരിക നിയന്ത്രണമില്ലായ്മ എന്നിവയാണ് ഇവിടെ വില്ലൻ. മുപ്പതാം വയസ്സാണ് കുറ്റകൃത്യങ്ങൾ തടയാനുള്ള ഏറ്റവും മികച്ച ഉപകരണം എന്ന് ആലങ്കാരികമായി പറയുന്നത് ഇതുകൊണ്ട് തന്നെ.
കൗമാരക്കാരിലെ സ്വഭാവ പ്രശ്നങ്ങൾക്ക് കാരണമായി ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഇന്റർനെറ്റ് , സിന്തറ്റിക് ലഹരികൾ എന്നിവയാണ് . യഥാർത്ഥത്തിൽ കൗമാര ജീവിതത്തിൽ ഇവ വഹിക്കുന്ന പങ്ക് എന്താണെന്നു നോക്കാം .
സൈബറിടത്തിൽ ജനിച്ചവർ :
കമ്പ്യൂട്ടർ , ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ തുടങ്ങി എല്ലാ ഇന്റർനെറ്റ് ബന്ധിത സേവനങ്ങളെയും ഒറ്റ പേരിട്ടു വിളിക്കാം എങ്കിൽ അത് സൈബറിടം (cyberspace ) എന്നാണ്. സൈബറിടം വളരെ ശക്തമായ ഒരു സൈക്കൊളോജിക്കൽ പ്രദേശമാണ് .യഥാർത്ഥ ജീവിതത്തിൽ പെരുമാറുന്ന പോലെയല്ല മനുഷ്യൻ സൈബറിടത്തിൽ പെരുമാറുന്നത്. ലളിതമായി ഉപയോഗിക്കാം, നമ്മൾ ആരാണെന്നു വെളിപ്പെടുത്തേണ്ട ആവശ്യമില്ല,എന്തും പറയാം , യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾ മറന്ന് എത്ര നേരം വേണമെങ്കിലും ഇതിൽ ചിലവഴിക്കാം എന്നൊരു സൗകര്യം ഇവിടെയുണ്ട്. പൂർണമായും സൈബറിടത്തിൽ ജനിച്ചു വളർന്ന ഒരു തലമുറയാണ് 2k കിഡ്സ് . അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളിൽ വിഷാദം, ഉത്കണ്ഠ , ഉറക്കക്കുറവ് , നിർബന്ധം, അക്രമ സ്വഭാവം തുടങ്ങി പല മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പഠനങ്ങളുണ്ട് . ചിലവഴിക്കുന്ന സമയം, കാണുന്ന ഉള്ളടക്കം (പ്രത്യേകിച്ച് വെറുപ്പ്, വിദ്വേഷം , അക്രമം) എന്നിവയാണ് ഏറ്റവു മോശമായി സ്വാധീനിക്കുന്ന ഘടകങ്ങൾ

കൗമാരവും ലഹരിയും:
ലഹരിയും കൗമാരവും ഒരു ഇരുവഴി പുഴയാണ് . ഫ്രോണ്ടൽ കോർടെക്സ് മതിയായി വികസിക്കാത്തത് ലഹരി ഉപയോഗത്തിന്റെ സാധ്യത കൂട്ടുന്നു . തിരിച്ചു ലഹരി ഉപയോഗം തലച്ചോറിന്റെ വളർച്ചയെയും ബാധിക്കുന്നു . ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന മുതിർന്നവരേക്കാൾ അവ ഉപയോഗിക്കുന്ന കൗമാരക്കാരിൽ തലച്ചോറിലെ കോശങ്ങൾക്ക് കേട് (neurotoxicity ) വരാൻ സാധ്യത കൂടുതലാണ് . ഇത് ഓർമ,ബുദ്ധി, ശ്രദ്ധ, സാമൂഹ്യ ബോധം തുടങ്ങിയ തലച്ചോറിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.

അപ്പോൾ ഇന്നത്തെ യുവതലമുറ അക്രമത്തിലേക്ക് വഴുതി വീഴുന്നു എങ്കിൽ ആരാണ് അതിനു ഉത്തരവാദി?
അവർക്ക് ലഹരി എത്തിച്ചുകൊടുക്കുന്നവരും, സോഷ്യൽ മീഡിയ നിയന്ത്രണമില്ലാതെ ഉപയോഗിക്കാൻ കൊടുക്കുന്നവരും , അവരുടെ ചെയ്തികളിലെ നല്ലതും ചീത്തയും പറഞ്ഞു കൊടുക്കാൻ സമയം കണ്ടെത്താത്തവരും എല്ലാം ഉത്തരവാദികൾ ആണ് . അതായത് അവരുടെ മുൻ തലമുറ!
എന്താണ് ഇനി ചെയ്യാൻ കഴിയ്ക്കുക ?
പല വിഷയങ്ങളും ഭരണകൂടം ഇടപെടേണ്ടതാണ്. കുട്ടികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വ്യാപനം തടയുക, അവർ ആസ്വദിക്കുന്ന മീഡിയ ഉള്ളടക്കം ആരോഗ്യകരമാണോ എന്ന് വിലയിരുത്തി വേണ്ട നിയന്ത്രണം കൊണ്ട് വരിക, സാമ്പത്തിക, സാമൂഹിക അസമത്വം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനം.
എങ്കിലും വ്യക്തിപരമായി മുതിർന്നവർക്ക് കുട്ടികളെ എങ്ങനെ സഹായിക്കാം എന്ന് നോക്കാം.കൗമാരക്കാർക്ക് എങ്ങനെ വഴികാട്ടാം എന്ന് മുതിർന്നവർ മനസിലാക്കുക എന്നതാണ് പ്രധാനം.
Parenting (രക്ഷാകർതൃത്വം):
ഏറ്റവും പ്രധാനം parenting ആണ്. കൗമാരക്കാരിൽ ഏറ്റവും ഫലപ്രദമായ parenting രീതി authoritative parenting ആണ്. വാത്സല്യവും നിയന്ത്രണവും ഒരേ അനുപാതത്തിൽ ഉള്ള parenting ആണിത് എന്ന് പറയാം. സാമൂഹിക ഇടപെടൽ മെച്ചപ്പെടുത്താനും പഠന മികവിനും ഈ parenting ആണ് ഏറ്റവും നല്ലത്
തിരക്കുള്ള അച്ഛൻ :
കൗമാരക്കാർക്കിടയിൽ നടത്തിയ ഗവേഷണത്തിൽ,അമ്മമാരുടെ വാത്സല്യവും സ്നേഹവും സ്ഥിരതയോടെ നിലനിൽക്കുന്നുവെന്നും, എന്നാൽ അച്ഛന്മാരുടെ കരുതൽ കുറയുന്നു എന്നും കാണപ്പെടുന്നു. അച്ഛൻ കൂടുതൽ കരുതലോടെ കൗമാരക്കാരോട് ഇടപെടുന്നത് അവരിൽ വിഷാദം, ഒറ്റപ്പെടൽ, അക്രമ സ്വഭാവം എന്നിവ കുറയ്ക്കാനും, അവരുടെ ആത്മ വിശ്വാസം ഉയർത്താനും സഹായിക്കുന്നു
പൊതുവിൽ ഉള്ള മേൽനോട്ടം :
കുട്ടികളെ വിശ്വാസത്തിലെടുക്കുക, എന്ത് കാര്യവും തുറന്ന് പറയാനുള്ള ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. അവർ എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നൊക്കെ അറിയാനുള്ള അവകാശം അവരുടെ തന്നെ അറിവോടെയും സമ്മതത്തോടെയും നേടിയെടുക്കുക.
മീഡിയ മേൽനോട്ടം :
എന്ത് കാണാം, എന്ത് കണ്ടു കൂടാ,എത്ര നേരം കാണാം,കാണുന്നതിനെ എങ്ങനെ യുക്തിപരമായി വിശകലനം ചെയ്യാം എന്ന് തുറന്ന് ചർച്ച ചെയ്യാം.
സമപ്രായക്കാരോടുള്ള ഇടപെടൽ :
കുട്ടികൾ ആരൊക്കെ ആയി കൂട്ടുകൂടുന്നു എന്ന് അറിഞ്ഞു വെക്കുക. കുട്ടിക്ക് കൂട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ക്രിയാത്മകമായ പരിഹാരങ്ങൾ നിർദേശിക്കുക. പ്രശ്നക്കാരായ കൂട്ടുകാർ ഉണ്ടെന്ന് മനസ്സിലായാൽ അവരുമായി അകന്ന് നിൽക്കേണ്ട ആവശ്യം നയപരമായി പറഞ്ഞു മനസിലാക്കുക.

മാനസികാരോഗ്യപ്രശ്നങ്ങൾ:
സ്വഭാവ വൈകല്യം പ്രദർശിപ്പിക്കുന്ന വലിയൊരു വിഭാഗം കുട്ടികൾക്കും ആരാലും തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. വിഷാദം, ഉത്കണ്ഠ, ഉന്മാദവിഷാദരോഗം, ADHD, CONDUCT DISORDER, പഠന വൈകല്യം ( Learning Disorder )എന്നിവ കുട്ടികളിൽ വളരെ വ്യാപകമാണ്. ഒന്നുകിൽ അത് ആരും തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞാൽ തന്നെ അതിനു എന്താണ് ചെയ്യണ്ടത് എന്ന് കൃത്യമായി അറിയില്ല. അറിയാം എങ്കിലും മാനസികാരോഗ്യ ചികിത്സ തേടാനുള്ള നാണക്കേട് കൊണ്ട് അത് മറച്ചു വെക്കപ്പെടുന്നു. ഇതും ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആണ്.
-Dr അഖിൽ ദാസ്
കോട്ടയം ഭാരത് ഹോസ്പിറ്റലിലെ കൺസൾട്ടന്റ്റ് സൈക്കിയാട്രിസ്‌റ്റ് ആണ് ലേഖകൻ.